Isaiah 45

1യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു - അവനു ജനതകളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും വാതിലുകൾ അടയാതിരിക്കേണ്ടതിനും ഞാൻ അവന്റെ വലംകൈ പിടിച്ചിരിക്കുന്നു:

2“ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്ത് ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും. 3നിന്നെ പേര് ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിനു ഞാൻ നിനക്ക് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും.

4എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ
45:4 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ.
യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതിരിക്കെ ഞാൻ നിന്നെ ഓമനപ്പേര് ചൊല്ലി വിളിച്ചിരിക്കുന്നു.
5ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. 6സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.

7ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. 8ആകാശമേ, മേലിൽനിന്നു പൊഴിക്കുക; മേഘങ്ങൾ നീതി വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.

9“നിലത്തിലെ കലനുറുക്കുകളുടെ
45:9 കലനുറുക്കുകളുടെ ഉടഞ്ഞ മൺകലത്തിന്റെ ഒരു ഭാഗം.
ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം; മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ?

10അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത് ?’ എന്നും സ്ത്രീയോട്: ‘നീ പ്രസവിക്കുന്നത് എന്ത് ?’ എന്നും പറയുന്നവനു അയ്യോ കഷ്ടം!”

11യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വരുവാനുള്ളതിനെക്കുറിച്ച്, എന്റെ മക്കളെക്കുറിച്ച് നീ എന്നെ ചോദ്യം ചെയ്യുമോ? എന്തു ചെയ്യണമെന്ന് എന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് നീ എനിക്ക് പറഞ്ഞുതരുമോ?

12ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.

13ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു; അവന്റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും; അവൻ എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവൻ എന്റെ പ്രവാസികളെ വിട്ടയയ്ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

14യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ
45:14 ദീർഘകായന്മാർ പൊക്കമേറിയ ശരീരമുള്ളവർ.
സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; ‘നിന്റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.”
15യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.

16അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും. 17എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല.

18ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു - അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചത്; വസിക്കുവാനത്രേ അതിനെ നിർമ്മിച്ചത്: - “ഞാൻ തന്നെ യഹോവ; വേറൊരുത്തനും ഇല്ല.

19ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവച്ചല്ല സംസാരിച്ചത്; ഞാൻ യാക്കോബിന്റെ സന്തതിയോട്: ‘വ്യർത്ഥമായി എന്നെ അന്വേഷിക്കുവിൻ’ എന്നല്ല കല്പിച്ചിരിക്കുന്നത്; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.

20നിങ്ങൾ കൂടിവരുവിൻ; ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒന്നിച്ച് അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കുകയും രക്ഷിക്കുവാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അറിവില്ല.

21നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കുകയും പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.

22സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. 23എന്നാണ, എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.”

24“യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട്” എന്ന് ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്ന എല്ലാവരും ലജ്ജിച്ചുപോകും. യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും.

25

Copyright information for MalULB